കൊച്ചി: അന്താരാഷ്ട്ര കടുവ ദിനത്തിൽ വ്യത്യസ്തമായ ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ പുതിയ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം കടുവാദിനം ആശംസിച്ചത്. ഹാപ്പി ടൈഗർ ഡേ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രം പങ്ക് വെച്ച് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി മാറി. ഫോൺ ദുൽഖർ സൽമാന്റെ കൈയ്യിലാണോ എന്ന സംശയവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരെല്ലാം പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ ഇട്ടിട്ടുണ്ട്.
ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്തെ മയക്കം’ , നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഷാക്ക് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ
കടുവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതിനായാണ് ജൂലൈ 29 കടുവ ദിനമായി ആചരിക്കുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ജീവജാലങ്ങളിൽ ഒന്നാണ് കടുവകൾ. അതിനാൽ അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെയാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
പാന്ഥറ ടൈഗ്രിസ് എന്നാണ് കടുവയുടെ ശാസ്ത്രീയനാമം. ആകെയുള്ള ഒൻപതിനങ്ങളിൽ ബാലിയൻ , ജാവൻ, കാസ്പിയൻ കടുവകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ബാക്കിയുള്ളവയാകട്ടെ വംശനാശ ഭീഷണിയിലുമാണ്. ലോകത്ത് വെറും പതിമൂന്ന് രാജ്യങ്ങളിൽ മാത്രമേ കടുവകൾ അവശേഷിക്കുന്നുള്ളു. ഈ സാഹചര്യം മുൻനിർത്തിയാണ് 2010ൽ റഷ്യയിൽ നടന്ന ഉച്ചകോടി കടുവാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ലോകത്താകെയുള്ള നാലായിരത്തിൽ താഴെ കടുവകളിൽ മൂവായിരത്തോളം ഇന്ത്യയിലാണ്.















