തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് , മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്ത് വിട്ടത്.
കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നതിന് കാരണമായത് മദ്ധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ്. സംസ്ഥാനത്ത് ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ഒട്ടപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിയന്ത്രിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
Comments