തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമർപ്പണം ആഗസ്റ്റ് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരളാ സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് സമ്മാനിക്കും.
മികച്ച നടനുള്ള അവാര്‍ഡിന് അർഹരായ ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി-രേവതി, സംവിധായകന്‍-ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍- കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍-വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്‌ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകൾ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പിന്നണി ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ സംഗീതപരിപാടിയുടെ ഭാഗമാകും. സിതാര കൃഷ്ണകുമാര്‍, വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ് തുടങ്ങിയവരും സംഗീതപരിപാടിൽ പങ്കുചേരും.















