തായ്പേയ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ, മേഖലയിൽ യുദ്ധ സന്നാഹമൊരുക്കി ചൈന. തായ്വാൻ വ്യോമ മേഖല ലക്ഷ്യമാക്കി യാത്ര തിരിച്ച ചൈനയുടെ 27 പോർവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തി ലംഘിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാതിർത്തിക്ക് സമീപം ചൈനീസ് വിമാനങ്ങൾ കണ്ടതായി തായ്വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ആറ് ജെ-11 പോർവിമാനങ്ങൾ, അഞ്ച് ജെ-16 യുദ്ധവിമാനങ്ങൾ, 16 സുഖോയ്-30 യുദ്ധവിമാനങ്ങൾ എന്നിവയാണ് തായ്വാൻ വ്യോമാതിർത്തിയിൽ കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തായ്വാൻ പ്രതിരോധ മേഖല ലക്ഷ്യമാക്കി 21 ചൈനീസ് സൈനിക വിമാനങ്ങൾ യാത്രയായിരുന്നു.
ചൈനയുടെ കടന്നുകയറ്റത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് തായ്വാൻ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പോർവിമാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാൻ എയർ പട്രോൾ മോണിറ്റർ സംവിധാനവും വിമാനവേധ മിസൈലുകളും സജ്ജമാക്കിയതായും തായ്വാൻ വ്യക്തമാക്കി.
തായ്വാൻ അതിർത്തിക്ക് സമീപം ചൈന മിസൈൽ പരീക്ഷണങ്ങൾ നടത്തിയതായും വെടിവെപ്പ് നടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തായ്വാന് മേൽ ചൈന കടന്നുകയറിയാൽ അമേരിക്ക നോക്കിയിരിക്കില്ല എന്ന് സന്ദർശന വേളയിൽ പലതവണ നാൻസി പെലോസി വ്യക്തമാക്കിയിരുന്നു. യു എസ് എസ് റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ള അമേരിക്കൻ വിമാനവാഹിനി കപ്പലുകളും മേഖലയിലേക്ക് പുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഏഷ്യയിലും യുദ്ധം ആസന്നമായിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് മേഖലയിൽ അശാന്തി വ്യാപിപ്പിക്കുകയാണെന്നും അന്താരാഷ്ട്ര നയതന്ത്ര നിരീക്ഷകർ ആശങ്കപ്പെടുന്നു.
Comments