മുംബൈ: തദ്ദേശീയ നിർമ്മിത ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സേന. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. പരീക്ഷണം വിജയകരമാക്കിയതിന് ഡി ആർ ഡി ഒയ്ക്കും സൈന്യത്തിനും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു.
വ്യത്യസ്തമായ രണ്ട് റേഞ്ചുകളിലുള്ള ലക്ഷ്യങ്ങൾ മിസൈൽ വിജയകരമായി ഭേദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ സാധിക്കുന്ന മിസൈൽ നിലവിൽ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞതും കൂടിയതുമായ ദൂരപരിധികളിൽ മിസൈൽ വിജയകരമായി പ്രയോഗിക്കാൻ സാധിക്കുമെന്ന് ഇന്നത്തെ പരീക്ഷണത്തിലൂടെ വ്യക്തമായതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 29ന് അഹമ്മദ്നഗറിൽ നിന്നും ഡിആർഡിഒ നടത്തിയ തദ്ദേശീയ നിർമ്മിത ടാങ്ക് വേധ മിസൈൽ പരീക്ഷണവും വിജയകരമായിരുന്നു. കെ കെ റേഞ്ചിലെ അർജുൻ ടാങ്കിൽ നിന്നായിരുന്നു ഇരു പരീക്ഷണങ്ങളും.
Comments