കൊടൈക്കനാല്‍: വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 28കാരനായ യുവാവ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു. അജയ് പാണ്ഡ്യന് എന്ന യുവാവിനെയാണ് വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായത്. ഇയാളുടെ സുഹൃത്താണ് അപകടവിവരം പുറംലോകത്തെ അറിയിച്ചത്. അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പുള്ള സമയം മുതലുള്ള വീഡിയോ സുഹൃത്തായ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു.
കഴിഞ്ഞ മൂന്നാം തിയതിയാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേനയുള്‍പ്പെടെ പ്രദേശത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും അജയ് പാണ്ഡ്യനെ കണ്ടെത്താനായിട്ടില്ല. യുവാവ് അപകടത്തില്‍ പെടുന്നതിന്റെ 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള പാറയിലിരുന്ന് അജയ് പാണ്ഡ്യന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന സുഹൃത്തിനോട് വെള്ളച്ചാട്ടത്തിന്റെ ആഴം കാണുന്ന രീതിയില്‍ ചിത്രീകരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ അജയ് ഇതിന് താഴെയുള്ള വഴുവഴുപ്പുള്ള പാറയില്‍ കയറി നില്ക്കുന്നു. ക്യാമറയ്ക്ക് നേരെ പോസ് ചെയ്യുന്നു. പിന്നീട് വീണ്ടും വെള്ളച്ചാട്ടത്തിന് അഭിമുഖമായി നിന്നപ്പോള്‍ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അജയ് വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് പോകുന്നത്. സുഹൃത്തായ യുവാവ് അജയ്ക്കു വേണ്ടി അലറി വിളിക്കുന്നതും കേള്‍ക്കാം. പ്രദേശത്ത് ഇപ്പോഴും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Comments