തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മഴക്കെടുതിയുള്ള പ്രദേശത്ത് എത്തി ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുഴുവൻ ബിജെപി പ്രവർത്തകരോടും ആഹ്വാനം ചെയ്തു.
പാർട്ടിയുടെ സേവന പദ്ധതിയായ താമരത്തണലിൽ ഉൾപ്പെടുത്തി ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ ബിജെപി പ്രവർത്തകർ എത്തിക്കും. പ്രാദേശികതലത്തിൽ പാർട്ടി ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.
പെരുമഴയിലും വെള്ളക്കെട്ടിലും ബുദ്ധിമുട്ടുന്ന ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാനും അവശ്യസാധനങ്ങൾ എത്തിച്ച് നൽകാനും ബിജെപി പ്രവർത്തകർ എന്നും മുന്നിൽ നിൽക്കുന്നുണ്ട്. അതിതീവ്ര മഴകാരണം ദുരിതം അനുഭവിക്കുന്നവരെ കൈവിടില്ലെന്ന് ഉറപ്പ് നൽകുകയാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ.
Comments