ഹൈദ്രാബാദ്: ഹർ ഘർ തിരംഗ രാജ്യമൊട്ടുക്കും തരംഗമാകുമ്പോൾ വ്യത്യസ്തമായ പ്രൊഫൈൽ ചിത്രവുമായി ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി.
ആർആർആർ എന്ന ചിത്രത്തിലെ രാമനും ഭീമനും ത്രിവർണ്ണ പതാകയേന്തി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ തന്നെ രാജമൗലിയുടെ പ്രൊഫൈൽ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തെലുങ്ക് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു,കൊമരം ഭീം എന്നീ ധീര ദേശാഭിമാനികളെ കഥാ പാത്രങ്ങളാക്കിയ സാങ്കല്പിക ചിത്രമാണ് രാജമൗലിയുടെ ആർആർആർ.
ദക്ഷിണ ഗോദാവരി ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും തനിക്ക് ചുറ്റുമുള്ള വനവാസി ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച ദേശാഭിമാനിയായിരുന്നു അല്ലൂരി സീതാരാമ രാജു. ഗിരിവർഗ്ഗക്കാരെ മതം മാറ്റുവാനായി പ്രവർത്തിച്ച ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം വനവാസികളെ സംഘടിതരാക്കി. 1922 മുതൽ 24വരെ ബ്രിട്ടീഷ് രാജിനെതിരെ അദ്ദേഹം ഗറില്ലാ യുദ്ധം നടത്തി. തോക്കുകൾക്ക് മുന്നിൽ സാമ്പ്രദായിക ആയുധങ്ങളായ വില്ലും അമ്പും കൊണ്ടായിരുന്നു അദ്ദേഹം ബ്രിട്ടീഷുകാരെ നേരിട്ടത്. എന്നിട്ടും ബ്രിട്ടീഷ് പോലീസിനെതിരെ വലിയ വിജയം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടു വർഷത്തോളം യുദ്ധം ചെയ്ത് പിടിച്ച് നിന്നുവെങ്കിലും 1924 മെയ് 7ന് അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം ചതിയിലൂടെ അകപ്പെടുത്തി. പിടികൂടിയ ഉടൻ തന്നെ വിചാരണകൂടാതെ അദ്ദേഹത്തെ മരത്തിൽ കെട്ടി വെടിവെച്ചു വീഴ്ത്തി. ഗിരിവർഗ്ഗ വിഭാഗത്തിന്റെ ആരാധനാ മൂർത്തിയായ ശ്രീരാമചന്ദ്രന്റെ വനവാസ സമയത്തെ വേഷമാണ് അല്ലൂരി സീതാരാമ രാജു എപ്പോഴും ധരിച്ചിരുന്നത്.
സമാനമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മറ്റൊരു ധീര ദേശാഭിമാനിയാണ് കൊമരം ഭീം. ഇന്നത്തെ തെലങ്കാനയിലെ ഗോൺഡ് വനവാസിവിഭാഗത്തിന്റെ നേതാവായിരുന്നു കൊമരം ഭീം.1930 കളിൽ ഹൈദ്രാബാദ് നൈസാമിന്റെ ക്രൂരഭരണത്തിനെതിരെയും ഗോത്രവർഗ്ഗത്തിനു മേൽ നൈസാം അടിച്ചേൽപ്പിച്ചിരുന്ന അടിമത്വത്തിനെതിരെയും കൊമരം ഭീം പടനയിച്ചു. ജൽ ,ജംഗൽ, സമീൻ (ജലം, വെള്ളം, മണ്ണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം പടനയിച്ചത്. നൈസാമിന്റെ തഹസിൽദാറായ അബ്ദുൾ സത്താർ കൊമരം ഭീമിന്റെ ഒളിത്താവളം മനസ്സിലാക്കി അപ്രതീക്ഷിതമായി ആക്രമിച്ച് അദ്ദേഹത്തെയും കൊലപ്പെടുത്തുകയായിരുന്നു. 1940 ഏപ്രിൽ 8നാണ് അദ്ദേഹം വീരമൃത്യുവരിച്ചതെന്നാണ് കരുതപ്പെടുന്നത്.
യഥാർത്ഥ ജീവിതത്തിൽ അല്ലൂരി സീതാരാമ രാജുവും, കൊമരം ഭീമും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരെ കഥാപാത്രങ്ങളാക്കിയുള്ള ഒരു സാങ്കല്പിക കഥയാണ് ആർആർആറിലൂടെ രാജമൗലി പറഞ്ഞത് . രാമനും ഭീമനും ഒന്നിച്ച് രാഷ്ട്രത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടണം എന്ന സന്ദേശമാണ് ആ ചിത്രത്തിലൂടെ രാജമൊലി നൽകിയത്. ലോകം മുഴുവൻ പ്രദർശിപ്പിച്ച് വൻ വിജയമായ ആ ചിത്രത്തിലെ രാമനും ഭീമനും ഒരുമിച്ച് ത്രിവർണ്ണ പതാകയേന്തി നിൽക്കുന്ന രാജമൗലിയുടെ പ്രൈഫൈൽ ചിത്രം നിമിഷങ്ങൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധ പിടിച്ചു പറ്റി.
Comments