ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമുഡ. ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ മോഹൻ ലാൽ പാടിയ ചോദ്യചിഹ്നം പോലെ എന്ന ഗാനം ആരാധകർ ഇരുകൈയ്യും നീട്ടി സ്ഥീകരിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെ ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിലൂടെയാണ്.മോഹൻലാൽ സ്റ്റുഡിയോയിൽ പാടുന്നതും ചിത്രത്തിലെ ഷെയ്നിന്റെ ഏതാനും സീനുകളും ചേർത്താണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പാട്ടിനെയും മോഹൻലാലിന്റെ ആലാപനത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രമേഷ് നാരായണൻ ആണ്. മുമ്പ് ടി കെ രാജീവ് കുമാറിന്റെ തന്നെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളി ആസ്വാദകരിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.
ചിത്രം പ്രക്ഷകർക്ക് മുന്നിൽ എത്തുന്നത് ഓഗസ്റ്റ് 19 നാണ് . കശ്മീരി നടി ഷെയ്ലീ കൃഷനാണ് നായികയായി എത്തുന്നത്.നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ‘ഇന്ദുഗോപൻ’ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എൻ എം എന്നിവരാണ് നിർമ്മിക്കുന്നത്.
Comments