ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് രാഷ്‌ട്രീയ നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂര മർദ്ദനം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. രാഷ്‌ട്രീയക്കാരന്റെ വാഹനം മറി കടന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു കുടുംബത്തെ അതി ക്രൂരമായി മർദ്ദിച്ചത്.
സിന്ധ് ഫിഷറീസ് മന്ത്രി അബ്ദുൾ ബാരി പിട്ടാഫിയുടെ സഹോദരീപുത്രനും രാഷ്‌ട്രീയ നേതാവുമായ ഷംഷെർ പിട്ടാഫിയും സംഘവുമാണ് കുടുംബത്തെ ആക്രമിച്ചത്. രഹർക സാഹിബ് ക്ഷേത്രത്തിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഗ്ഹാർ സ്വദേശികളായ ഹിന്ദു കുടുംബം. ഇതിനിടെയാണ് ഷെഷെറിന്റെ കാറിനെ ദേശീയപാതയിൽവെച്ച് മറി കടന്നത്. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് ഹിന്ദു കുടുംബത്തിൽ ഉണ്ടായിരുന്നത്. വാഹനം മറി കടക്കുന്നതിനിടെ ഐസ്‌ക്രീം തിന്നുകൊണ്ടിരുന്ന കുട്ടികൾ ഇതിന്റെ കവർ പുറത്തേക്കിട്ടു. ഷെഷെറിന്റെ കാറിന്റെ ഗ്ലാസിലാണ് ഇത് തങ്ങി നിന്നത്. ഇതോടെ കുടുംബത്തെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.
തെറ്റ് പറ്റിയതാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നതായി കുടുംബം പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച ഇവർ വാഹനത്തിന്റെ ചില്ലുകളും അടിച്ചു തകർത്തു. ഇത് കണ്ടതോടെ പ്രദേശവാസികൾ തടിച്ചുകൂടി. ചിലർ അക്രമ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ഷംഷെറും സംഘവും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments