കൊച്ചി: കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ച ചെയ്തതിന് പിന്നാലെ അറസ്റ്റിലായ യൂട്യൂബറിന്റെ പ്രതികരണം പുറത്ത്. ചീര, കാബേജ്, കാരറ്റ് എന്നിവയെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പ്രകൃതിയിൽ ഉണ്ടാകുന്നതാണെന്ന് മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് (34) പറഞ്ഞു. അങ്ങനെയെങ്കിൽ കഞ്ചാവ് വലിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ഫ്രാൻസിസിന്റെ ചോദ്യം.
കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരണം വരെ ഉപയോഗിക്കും. ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന വെറുമൊരു ചെടിയാണ് കഞ്ചാവെന്നും ഇതുവലിച്ചതുകൊണ്ട് തന്റെ ജീവിതം തന്നെ മാറിമറിഞ്ഞിട്ടുണ്ടെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നത് സംബന്ധിച്ച ചർച്ച ചെയ്യുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫ്രാൻസിസിന്റെ വീഡിയോ വൈറലായതോടെയാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. വീട്ടിലെത്തിയ എക്സൈസ് സംഘം ഫ്രാൻസിസിനെ ദേഹപരിശോധന നടത്തിയപ്പോൾ രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് അറസ്റ്റിലാകുകയായിരുന്നു.
വൈറൽ വീഡിയോയിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇയാൾ പ്ലസ് ടു വിദ്യാർത്ഥിനിയോടാണ് സംസാരിച്ചിരുന്നത്. സാധനം കിട്ടാനില്ലെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഫോർട്ട് കൊച്ചി വരെ വരാൻ പറ്റുമോയെന്നും ഇയാൾ ചോദിക്കുന്നുണ്ടായിരുന്നു. കഞ്ചാവ് വലിക്കുന്നതിനെ ‘ഗോ ഗ്രീൻ’ എന്നും ഇയാൾ വിശേഷിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
Comments