തിരുവനന്തപുരം : കുഞ്ചാക്കോ ബോബൻ ചിത്രമായ ”ന്നാ താൻ കേസ് കൊട്” എന്ന സിനിമയ്‌ക്ക് എതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ബെന്യാമിൻ പറഞ്ഞു. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നാണ് ചിത്രം തിയേറ്ററുകളിൽ റിലീസായത്. ഈ ചിത്രത്തിന്റെ പരസ്യ പോസ്റ്ററിനെതിരെയാണ് വിമർശനം ശക്തമാകുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമുള്ള പോസ്റ്റ്റ്ററാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവച്ചത്. സർക്കാരിനെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യമാണ് ഇതെന്നും അതിനാൽ സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് ഇടത് സൈബർ പോരാളികൾ ആവശ്യപ്പെടുന്നത്. സിനിമയിലും റോഡുകളെപ്പറ്റിയുള്ള പരാമർശമുണ്ട്.
വിമർശനം ശക്തമായതോടെ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബനും രംഗത്തെത്തി. ഒരു രാഷ്‌ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല സിനിമയിൽ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്നും റോഡിലെ കുഴികൾ ഒരു സാമൂഹ്യ പ്രശ്‌നമായി കാണണം എന്നുമാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഇന്ന് തിയറ്ററുകളിൽ റിലീസ് ആയ സിനിമയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം.
Comments