ന്യൂഡൽഹി :യുക്രെയ്ൻ ആണവനിലയത്തിന് സമീപം നടന്ന ഷെല്ലാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സവപ്പോറിസിയ ആണവനിലയത്തിന് സമീപത്ത് നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യ ഐക്യരാഷ്‌ട്രസഭയിൽ ആശങ്കയറിയിച്ചത്. ആണവ നിലയങ്ങളുടെ സുരക്ഷയിൽ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും പരസ്പര നിയന്ത്രണം ആവശ്യമാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി രുചിറ കാംബോജ് പറഞ്ഞു.
യുക്രെയ്‌നിലെ ആണവ റിയാക്ടറുകളുടെ സുരക്ഷ സംബന്ധിച്ച് രാജ്യത്തിന് ആശങ്കയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ആണവോർജ്ജ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഏതൊരു അപകടവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ ഉയർന്ന പ്രാധാന്യം നൽകുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിനും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രുചിറ പറഞ്ഞു.
യുക്രെയ്‌നിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് പ്രസ്താവിച്ച രുചിറ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചതുമുതൽ, ശത്രുതതയും അക്രമവും അവസാനിപ്പിക്കാൻ തങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞു. നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും രുചിറ വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളിൽ, പ്രത്യേകിച്ച്, ഭക്ഷ്യധാന്യങ്ങൾ, വളം, ഇന്ധനം എന്നിവയുടെ വിതരണത്തിൽ യുക്രെയ്ൻ സംഘർഷം ഉണ്ടാക്കുന്ന തടസങ്ങളെക്കുറിച്ച് നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. യുക്രെയിനിൽ നിന്ന് കരിങ്കടൽ വഴിയുള്ള ധാന്യങ്ങളുടെ കയറ്റുമതിയെയും റഷ്യയിൽ നിന്നുള്ള വളങ്ങളുടെ കയറ്റുമതിയെയും സുഗമമാക്കാനുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ പിന്തുണയോടുകൂടിയ സംരംഭത്തെയും ഇന്ത്യൻ പ്രതിനിധി സ്വാഗതം ചെയ്തു.
Comments