തായ്പേയ്: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ വിവാദമായ തായ്വാൻ സന്ദർശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന നീക്കവുമായി വീണ്ടും അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കൻ സെനറ്റർമാരുടെ ഒരു സംഘം തായ്വാൻ സന്ദർശിച്ചു. തായ്വാൻ കടലിടുക്കിൽ ചൈന ആക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ സെനറ്റർമാരുടെ സന്ദർശനം.
മസാച്ചുസെറ്സ് സെനറ്റർ മാർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തായ്വാനിൽ സന്ദർശനം നടത്തിയത്. പ്രാദേശിക സുരക്ഷ, വാണിജ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളിൽ തായ്വാൻ ഭരണാധികാരികളുമായി അമേരിക്കൻ സെനറ്റർമാർ ചർച്ചകൾ നടത്തും.
അതേസമയം തായ്വാൻ കടലിടുക്കിൽ ആയുധ വിന്യാസവുമായി ചൈന ഭീഷണി തുടരുകയാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മേഖലയിൽ സുരക്ഷ ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്നും തായ്വാന്റെ സ്വയം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും തായ്വാൻ ഭരണകൂടം അറിയിച്ചു.
മേഖലയിൽ സമാധാനം നിലനിർത്താനും സങ്കീർണതകൾ ഒഴിവാക്കാനും ഏകപക്ഷീയമായ ആക്രമണങ്ങളെ അപലപിക്കാനും നിലവിലെ സ്ഥിതി നിലനിർത്താൻ ആഹ്വാനം ചെയ്യാനും സന്നദ്ധമായതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറയുന്നതായും തായ്വാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Comments