മോസ്‌കോ: തദ്ദേശീയമായി വികസിപ്പിക്കുന്ന ബഹിരാകാശ നിലയത്തിന്റെ മാതൃക അവതരിപ്പിച്ച് റഷ്യ. റോസ് എന്ന് പേരിട്ടിരിക്കുന്ന നിലയം രണ്ട് ഘട്ടങ്ങളിലായാണ് വിക്ഷേപിക്കുക.നാല് ബഹിരാകാശയാത്രികർക്ക് താമസിക്കാനും ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിക്കാനും കഴിയും. നാല് മൊഡ്യൂളുകളുള്ള ബഹിരാകാശ നിലയം ആദ്യ ഘട്ടത്തിൽ തന്നെ പ്രവർത്തനക്ഷമമാകുമെന്നും പ്രവർത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും ആരംഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തിന്റെ വിക്ഷേപണം 2025-26 ലും അവസാനത്തെ ഘട്ടത്തിന്റെ വിക്ഷേപണം 2030-35-ലുമാകും എന്നാണ് പ്രാഥമിക വിവരം. റഷ്യ സ്വന്തമായി നിർമ്മിക്കുന്ന നിലയമാകും ഇത്. അന്താരാഷ്‌ട്ര നിലയത്തെ അപേക്ഷിച്ച് സ്ഥിരമായ മനുഷ്യ സാന്നിധ്യം റഷ്യൻ നിലയത്തിലുണ്ടാകില്ല. വർഷത്തിൽ രണ്ടു പ്രാവശ്യമാകും ജീവനക്കാരെ നിയമിക്കുക. നിരീക്ഷണ പരീക്ഷണങ്ങൾക്ക് പുറമേ ഭൂമിയുടെ വിശാല ദൃശ്യങ്ങളും നിലയത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ കാണാൻ കഴിയും.
യുഎസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസി, കനേഡിയൻ ബഹിരാകാശ ഏജൻസി എന്നിവയുമായുള്ള ബഹിരാകാശ സഖ്യത്തിൽ നിന്ന് പിന്മാറാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. പറക്കുന്ന ലബോറട്ടറി ഭൂമിയുടെ ഭ്രമണപഥത്തിൽ നിർമ്മിക്കുന്നതിൽ മോസ്‌കോ ചൈനയുടെ സഹായം തേടുന്നതായും ചൂണ്ടിക്കാട്ടി.
റഷ്യ, സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതികൾ മോസ്‌കോയിൽ കാലങ്ങളായി നടക്കുന്നുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിൽ മോസ്‌കോ പടിഞ്ഞാറൻ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് സ്വന്തമായി മുന്നോട്ട് പോകാനും അല്ലെങ്കിൽ ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്.
Comments