കൊച്ചി: വയനാട് എംപി രാഹുൽ ഗാന്ധിയെ വിമർശിച്ച എ.എൻ.ഷംസീർ എംഎൽഎയ്ക്ക് മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് യുവജന റാലിയുടെ പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയെ ഷംസീർ വിമർശിച്ചത്. രാഹുൽ കേരളത്തിൽ വരുന്നത് പഴംപൊഴി തിന്നാനും ബോണ്ട തിന്നാനും മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് മറുപടിയുമായാണ് റോജി എം.ജോൺ രംഗത്ത് വന്നത്. ഷംസീറിന്റെ വാക്കുകളിൽ അത്ഭുതം ഇല്ലെന്നും വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് അദ്ദേഹത്തിനെന്നുമാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ എംഎൽഎ മറുപടി നൽകിയത്.
രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയ്ക്കൊപ്പം സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റു പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതിയെന്നും റോജി എം.ജോൺ പറയുന്നു. കേരളത്തിന് പുറത്ത് സിപിഎം നേതാക്കൾക്ക് എന്തു ചെയ്യണമെങ്കിലും കോൺഗ്രസ് നേതാക്കളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഡൽഹിയിൽ സിപിഎം നേതാക്കൾക്ക് ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം. ഇക്കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണെന്ന് റോജി പറയുന്നു. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത് എന്നും എംഎൽഎ പരിഹസിക്കുന്നു.
Comments