പത്തനംതിട്ട: റാന്നി മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ കൊടിമരം സ്ഥാപിച്ച ജീവനക്കാരന് ഭരണാനുകൂല സംഘടനാ നേതാവിന്റെ ഭീഷണി. താലൂക്ക് ഓഫീസിലെ ഡ്രൈവറായ മനോജ് കുമാർ എസിനെയാണ് ഇടത് സംഘടനാ നേതാവ് സജി.കെ.ഫിലിപ്പ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ് രംഗത്ത് എത്തി.
ഇക്കഴിഞ്ഞ 13 നായിരുന്നു സജി മനോജിനെ ഭീഷണിപ്പെടുത്തിയത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഓഫീസിൽ പതാക ഉയർത്താൻ തഹസിൽദാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 13ാം തിയതി മനോജ് കൊടിമരം സ്ഥാപിച്ചു. എന്നാൽ ഇത് കണ്ട സജി മനോജിനെയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാൽ മനോജ് ഇത് വകവെച്ചില്ല. തുടർന്ന് സ്വാതന്ത്ര്യദിനത്തിൽ തഹസിൽദാർ ദേശീയ പതാകയും ഉയർത്തി.
എന്നാൽ പിറ്റേ ദിവസവും സജിയുടെ നേതൃത്വത്തിൽ ജോയിന്റ് കൗൺസിൽ സംഘടനയിൽപ്പെട്ട ഒരു വിഭാഗം മനോജിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ സ്ഥലംമാറ്റിക്കളയും എന്നായിരുന്നു ഭീഷണി. സംഭവത്തിൽ മനോജ് തഹസിൽദാർക്ക് പരാതി നൽകി.
ഭരണാനുകൂല സംഘടനാ നേതാവുമായി കൂടിയാലോചന നടത്താതെ കൊടിമരം സ്ഥാപിച്ചതായിരുന്നു സജിയെ ചൊടിപ്പിച്ചത്. ദേശീയ പതാക ഉയർത്താൻ വേണ്ട ക്രമീകരണം ചെയ്ത ജീവനക്കാരനു നേരെയുള്ള ഭരണാനുകൂല സംഘടനയുടെ ഭീഷണിക്കെതിരെ കേരള എൻ.ജി.ഒ സംഘ് പ്രതിഷേധിച്ചു. റാന്നി താലൂക്ക് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സമിതി അംഗം . പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി . ജി. അനീഷ്, ജില്ലാ .വൈ.പ്രസിഡന്റ് പി.ആർ. രമേശ് , ജില്ലാ ട്രഷറർ . എം.രാജേഷ്, ജില്ലാ.ജോ.സെക്രട്ടറി .ഡി. ദിജിൻ, ബ്രാഞ്ച് പ്രസിഡന്റ് . വി.എസ്. രാജേഷ് , സെക്രട്ടറി . എസ്.ഷാജി , എന്നിവർ സംസാരിച്ചു.
Comments