ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ഐഇഡി സ്ഫോടനത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ പോലീസ് ഔട്ട്പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സയ്യിദ് അഹമ്മദ്, ഇനായതുർ റഹ്മാൻ എന്നിവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബജൗറിലെ ദമാ ഡോല തെഹസിലിന് സമീപമുള്ള പോലീസ് ഔട്ട്പോസ്റ്റാണ് ആക്രമിക്കപ്പെട്ടത്.
ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യാ മുഖ്യമന്ത്രി മഹമൂദ് ഖാൻ ആക്രമണത്തെ അപലപിക്കുകയും സ്ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏകദേശം ഒരു വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പട്ടാളത്തെ പിൻവലിച്ചതോടെ താലിബാൻ ഭരണത്തിലേറുകയും ഇതിന് പിന്നാലെ അയൽരാജ്യമായ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇതേ പ്രവിശ്യയിൽ പോളിയോ വാക്സിനേഷൻ ഡ്യൂട്ടിയിലിരിക്കുന്ന രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചിരുന്നു.
Comments