ചെന്നൈ: തെന്നിന്ത്യൻ താരം വിജയ് ദേവര കൊണ്ടയും ബോളിവുഡ് നായിക അനന്യ പാണ്ഡേയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം ലൈഗറിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. രാജ്യം മുഴുവൻ ഗംഭീര പ്രചരണ പരിപാടികളോടെ എത്തിയ ചിത്രം റിലീസ് ദിവസം നേടിയത് 33.12 കോടിയാണെന്നാണ് റിപ്പോർട്ട്. ചിത്രം നിർമ്മിച്ച കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
ലൈഗറിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ലഭിച്ചത് 19 കോടി രൂപയാണ്. തെലുങ്ക് പതിപ്പ് 15 കോടി നേടിയപ്പോൾ വലിയ പ്രതീക്ഷകളോടെ എത്തിച്ച ഹിന്ദി പതിപ്പിൽ നിന്ന് 1.75 കോടി രൂപ മാത്രമാണ് നേടാനായത്.
ലൈഗറിനെതിരെ വ്യാപകമായി നടന്ന ബോയ്‌കോട്ട് ക്യാമ്പെയ്‌നാണ് ഹിന്ദി പതിപ്പിൽ കളക്ഷൻ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ചിത്രത്തിന്റെ ആദ്യ ദിന ഇന്ത്യൻ കളക്ഷൻ 20 കോടിയാണെന്നായിരുന്നു നേരത്തെ പുറത്തെത്തിയ അനൗദ്യോഗിക റിപ്പോർട്ടുകൾ.ചിത്രം 35 കോടിക്കടുത്ത് നേടുമെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്.ചിത്രത്തിൽ ഒരു കിക്ക് ബോക്‌സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്















