ശ്രീനഗർ: കോൺഗ്രസ് അംഗത്വം രാജി വെച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ ജിഎം സറൂരി. രണ്ടാഴ്ചയ്ക്കകം ജമ്മു കശ്മീരിൽ പാർട്ടിയ്ക്ക് തുടക്കമിടുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരിൽ പാർട്ടിയുടെ ആദ്യ യൂണിറ്റ് ആരംഭിക്കും. ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസിൽ നിന്ന് രാജിവെച്ച നേതാവും കോൺഗ്രസ് ജെകെ യൂണിറ്റിന്റെ മുൻ വൈസ് പ്രസിഡന്റുമാണ് ജിഎം സറൂരി.
താൻ മാത്രമല്ല, നൂറു കണക്കിന് മുതിർന്ന കോൺഗ്രസ് നേതാക്കളും പഞ്ചായത്തീരാജ് സ്ഥാപന അംഗങ്ങളും നിരവധി പ്രവർത്തകരും രാജി സമർപ്പിച്ചതായി ജിഎം സറൂരി അവകാശപ്പെട്ടു. ഗുലാം നബി ആസാദ് പ്രത്യയശാസ്ത്രപരമായി മതനിരപേക്ഷനാണെന്നും പുതിയ പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് കൂടിയാലോചന നടത്താൻ സെപ്തംബർ 4 ന് അദ്ദേഹം ജമ്മു കശ്മീരിൽ എത്തുമെന്നും സറൂരി പറഞ്ഞു. രാജിവെച്ചതിന് പിന്നാലെ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.
ഗുലാം നബി ആസാദ് എന്ന വൻ മരം പാർട്ടി വിട്ടത് കോൺഗ്രസിനേറ്റ വലിയ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയ്ക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവും അദ്ദേഹം ഉയർത്തിയിരുന്നു. തിരിച്ചു വരാനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തുവെന്നും കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് പാർട്ടി അനുഭവിക്കുന്നതെന്നുമാണ് ഗുലാം നബി ആസാദിന്റെ വിമർശനം.
Comments