ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്ക് അഭിനന്ദനങ്ങളുമായി മുൻ പാക് താരങ്ങൾ. വാസിം അക്രം, വഖാർ യൂനുസ്, ഷോയിബ് അക്തർ, ഷാഹിദ് അഫ്രീഡി എന്നിവർക്ക് പുറമെ മുൻ പാക് പേസർ മുഹമ്മദ് ആമിറും ഹർദ്ദിക്കിനെ പ്രശംസിച്ച് രംഗത്ത് വന്നു.
നാല് വർഷങ്ങൾക്ക് മുൻപ് പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ഇതേ വേദിയിൽ ഹർദ്ദിക് പരിക്കേറ്റ് മടങ്ങിയിരുന്നു. സ്ട്രെച്ചറിൽ മടങ്ങിയ അന്നത്തെ ചിത്രവും, വിജയാവേശത്തിൽ ബാറ്റ് ഉയർത്തുന്ന പുതിയ ചിത്രവും ഹർദ്ദിക് ഒരുമിച്ച് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ‘തിരിച്ചടിയേക്കാൾ മഹത്തരമാണ് മടങ്ങി വരവ്’ എന്ന തലക്കെട്ടോടെയായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഇതിലാണ് മിക്ക പാക് താരങ്ങളും അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്.
‘നന്നായി കളിച്ചു സഹോദരാ’ എന്ന തലക്കെട്ടോടെ പാകിസ്താൻ മുൻ താരം മുഹമ്മദ് ആമിർ പാണ്ഡ്യയുടെ ട്വീറ്റ് പങ്കു വെച്ചു. ഇന്ത്യയിലും പാകിസ്താനിലുമുള്ള നിരവധി പേർ ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുകയാണ്. 2020ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദ് ആമിർ പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരുടെ പട്ടികയിൽ എണ്ണപ്പെട്ട താരമായിരുന്നു. എന്നാൽ വിവാദങ്ങളിൽ പെട്ട് പലപ്പോഴും ആമിറിന്റെ കരിയർ പ്രതിസന്ധിയിലായിരുന്നു.
Well played brother 👏 https://t.co/j9QPWe72fR
— Mohammad Amir (@iamamirofficial) August 29, 2022
ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 25 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തുകയും 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടുകയും ചെയ്ത ഹർദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി.















