കാലിഫോർണിയ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണം സെപ്റ്റംബർ 3 നാളെ(ശനിയാഴ്ച) നടക്കും. ശനിയാഴ്ച ഉച്ചയ്‌ക്ക് 12:15 വിക്ഷേപണം നടക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29-നായിരുന്നു വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആർട്ടെമിസ് -1-ന്റെ വിക്ഷേപണം മാറ്റി വെച്ചത്.
വിക്ഷേപണത്തിന് മുമ്പ് ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എൻജിനീയർമാർ കണ്ടെത്തിയതോടെ കൗണ്ട് ഡൗൺ നിർത്തിവെച്ച് പരിശോധന നടത്തി. നിലവിൽ പ്രശ്നം പരിഹരിച്ചുവെന്നും ശനിയാഴ്ച റോക്കറ്റ് വിക്ഷേപിക്കുമെന്നും നാസ വ്യക്തമാക്കുന്നു. ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച അപ്പോളോ ദൗത്യത്തിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് ആർട്ടെമിസ് I ചന്ദ്രനിലേക്ക് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
2024-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ നാസ ശ്രമം നടത്തുകയാണ്. ഇതിന്റെ മുന്നോടിയായാണ് പരീക്ഷണ ദൗത്യമായി ആർട്ടെമിസ് I വിക്ഷേപിക്കുന്നത്. 42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലം വെയ്‌ക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്ന് ഒരാഴ്ചയോളം സമയമെടുത്താണ് ഓറിയോൺ ചന്ദ്രനിലേക്ക് എത്തുന്നത്.
Comments