മെൽബൺ: പ്രശസ്ത പഞ്ചാബി ഗായകൻ നിർവെയർ സിങ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ മെൽബണിലാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ ജീപ്പിലിടിക്കുകയും ഈ കാർ നിർവെയർ സഞ്ചരിച്ചിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിർവെയർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീപ്പിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൈ ടേൺ എന്ന ആൽബത്തിലെ തേരേ ബിനാ അന്ന ഗാനമാണ് നിർവെയറിനെ ശ്രദ്ധേയനാക്കിയത്. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് നിർവെയറിന്റെ മറ്റ് പ്രശസ്ത ഗാനങ്ങൾ. ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇദ്ദേഹം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്.
Comments