ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ 14 സംസ്ഥാനങ്ങൾക്കുള്ള റവന്യൂ കമ്മി ഗ്രാന്റിന്റെ ആറാം ഗഡുവായി 7,183 കോടി രൂപ അനുവദിച്ച് കേന്ദ്രധനമന്ത്രാലയം. 2022-23 കാലയളവിൽ 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ആന്ധ്രപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഗഡു അനുവദിച്ചത്.
14 സംസ്ഥാനങ്ങൾക്കായി 7,183.42 കോടി രൂപയുടെ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ ആറാമത്തെ മാസ ഗഡു ചൊവ്വാഴ്ച എക്സ്പെൻഡിച്ചർ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 15ാം ധനകാര്യ കമ്മീഷൻ 2022-23 സാമ്പത്തിക വർഷത്തേക്ക് 14 സംസ്ഥാനങ്ങൾക്ക് മൊത്തം 86,201 കോടി രൂപ PDRD ഗ്രാന്റായി ശുപാർശ ചെയ്തിട്ടുണ്ട്. 12 തുല്യ പ്രതിമാസ ഗഡുക്കളായാണ് ഗ്രാന്റ് റിലീസ് ചെയ്യുന്നത്.
2022 സെപ്തംബർ മാസത്തെ ആറാമത്തെ ഗഡു പുറത്തിറക്കിയതോടെ 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച പിഡിആർഡി ഗ്രാന്റുകളുടെ ആകെ തുക 43,100.50 കോടി രൂപയാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ ഗ്രാന്റ് ലഭിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ യോഗ്യതയും 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിലെ ഗ്രാന്റിന്റെ അളവും 15-ാം ധനകാര്യ കമ്മീഷൻ തീരുമാനിച്ചത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ വരവും ചെലവും തമ്മിലുള്ള അന്തരം കണക്കിലെടുത്താണ്. ഈ കാലയളവിൽ അധികാരവികേന്ദ്രീകരണവും വിലയിരുത്തി.
Comments