മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ‘ഗഗൻയാൻ’ 2024-ൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷിക വർഷമായ 2022-ൽ മനുഷ്യ ബഹിരാകാശ യാത്ര സർക്കാർ ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും കൊറോണ പ്രതിസന്ധി മൂലം പദ്ധതി നീണ്ടു പോയതാണെന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. റഷ്യയിലും ഇന്ത്യയിലും ഉള്ള ബഹിരാകാശയാത്രികരുടെ പരിശീലനത്തെ കൊറോണ വ്യാപനം ബാധിച്ചുവെന്നും ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ ഈ വർഷാവസാനം നടക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഗഗൻയാന്റെ ആദ്യ പരീക്ഷണ പറക്കലിന് ശേഷം അടുത്ത വർഷം തന്നെ വ്യോമ മിത്ര എന്ന സ്ത്രീ രൂപത്തിലുള്ള മനുഷ്യ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കും. മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തയ്യാറായ നാല് യുദ്ധവിമാന പൈലറ്റുമാരെ ഇന്ത്യൻ വ്യോമസേന ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവർ ബഹിരാകാശ യാത്രയ്‌ക്ക് ആവശ്യമായ അടിസ്ഥാന പരിശീലനം റഷ്യയിൽ നിന്നും നേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) 2024-ൽ രണ്ട് ബഹിരാകാശ യാത്രികരെയെങ്കിലും പരീക്ഷണ പറക്കലുകളുടെ ഫലം വിലയിരുത്തിയ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയയ്‌ക്കുമെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പരീക്ഷണ ദൗത്യത്തിനിടെ ബഹിരാകാശ പേടകം 15 കിലോമീറ്റർ ഉയരത്തിൽ വിക്ഷേപിക്കും. ഈ സമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് യാത്രക്കാരെ ഭൂമിയിലേയ്‌ക്ക് സുരക്ഷിതമായി എത്തിക്കുന്നതിനായുള്ള സംവിധാനങ്ങൾ ബഹിരാകാശ ശാസ്ത്രജ്ഞർ പരീക്ഷിച്ചു നോക്കും. രണ്ടാമത്തെ പരീക്ഷണ പറക്കലിൽ ഗഗൻയാൻ കൂടുതൽ ഉയരത്തിലെത്തിക്കുകയും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള സമാനമായ പരീക്ഷണം ശാസ്ത്രജ്ഞർ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷണങ്ങൾക്ക് ശേഷം ഭാരതത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. 2018-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 കോടി രൂപ ചെലവിൽ ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം എപ്പോഴെങ്കിലും ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്.
Comments