സിഡ്നി: വളർത്ത് കങ്കാരുവിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മണ്ടിലാണ് സംഭവം. പുരയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടന്നിരുന്ന 77 വയസ്സുകാരനെ ബന്ധുവാണ് കണ്ടെത്തിയത്. തുടർന്ന് ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വയോധികനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇയാൾക്ക് കങ്കാരുവിന്റെ ആക്രമണത്തിലാകാം പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. വയോധികനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തിയപ്പോൾ, എവിടെ നിന്നോ പാഞ്ഞു വന്ന ഒരു കങ്കാരു ആരോഗ്യ പ്രവർത്തകരെ വയോധികന്റെ അടുത്ത് പോകുന്നതിൽ നിന്നും തടഞ്ഞു. ഇതിനെ വയോധികൻ വളർത്തിയിരുന്നതാണെന്ന് ബന്ധു പോലീസിനെ അറിയിച്ചു. തുടർന്ന്, പരിക്കേറ്റ് കിടന്നിരുന്നയാളിന്റെ ജീവൻ രക്ഷിക്കുന്നതിന് പ്രാമുഖ്യം നൽകിയ പോലീസ്, കങ്കാരുവിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വെസ്റ്റേൺ ഗ്രേ ഇനത്തിൽ പെടുന്ന ഭീമൻ കങ്കാരുവാണ് ഉടമയെ കൊലപ്പെടുത്തിയത്. ഏഴ് അടിയിലധികം ഉയരവും 70 കിലോഗ്രാം ഭാരവും കങ്കാരുവിന് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവ അപൂർവ്വമായി മനുഷ്യരെ ആക്രമിക്കാറുണ്ടെന്ന് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു.
Comments