തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്തു വന്നത്. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചു വരവ് കൂടിയാണ് താരങ്ങളും മലയാള സിനിമാ പ്രേമികളും ആഘോഷമാക്കുന്നത്. ഇപ്പോൾ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത് വിനയന്റെ സ്വന്തം ഗജരാജ കില്ലാടി ഗജേന്ദ്രനാണ്. സിനിമ ഗംഭീരമെന്ന് ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ കുറിച്ചതോടെ നന്ദി അറിയിച്ച് വിനയനും രംഗത്തു വന്നു.
‘പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ഒറ്റ വാക്കിൽ അതിഗംഭീരം. മാറിടത്തിനും മീശയ്ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകന്റെ ടൈറ്റിൽ കണ്ടു തിയറ്റർ വിടുന്ന കാഴ്ച്ച’ എന്നാണ് ഗിന്നസ് പക്രു സിനിമയെ അഭിനന്ദിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. നായകൻ സിജു വിൽസണിനെയും മറ്റ് അഭിനേതാക്കളെയും നിർമ്മാതാവ് ഗോകുലം ഗോപാലിനെയും നടൻ അഭിനന്ദിക്കുന്നു.
അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ-വിനയൻ സർ കൂട്ടുകെട്ട് ഓരോ ഫ്രെയിമിലും കാണാം. പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും നങ്ങേലിയിലും മാത്രമല്ല എല്ലാ കഥാപാത്രങ്ങളിലും കാണാം” എന്ന് പക്രു പറഞ്ഞു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും നടൻ പറയുന്നു. പക്രുവിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് സംവിധായകൻ വിനയനും രംഗത്തു വന്നു. ‘നന്ദി ഗജേന്ദ്ര കില്ലാടി ഗിന്നസ് പക്രു’ എന്നാണ് വിനയന്റെ മറുപടി.
Comments