രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമ്മെ നിശബ്ദമായി പിന്തുടരുന്ന രോഗാവസ്ഥയാണ് രക്തസമ്മർദ്ദം. അത്ര പെട്ടന്നൊന്നും രോഗമുണ്ടെന്ന് മനസിലാക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്ക് വരെ നയിക്കാൻ കഴിയുന്ന രോഗാവസ്ഥയാണിത്. തലചുറ്റൽ, ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയവയെല്ലാം രക്തസമ്മർദ്ദത്തിൽ മാറ്റം വരുന്നതിന്റെ ലക്ഷണങ്ങളാണ്. രക്തസമ്മർദ്ദം കൂടുതലാണെങ്കിൽ ചികിത്സ തുടങ്ങാൻ ഒട്ടും വൈകരുത്.
ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ആവശ്യത്തിന് പ്രാണവായുവും ഊർജ്ജവും കിട്ടിയെങ്കിൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നടക്കുകയുള്ളു. ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള ചെറിയ രക്തക്കുഴലുകൾ വഴി രക്തം ഒഴുകിയെത്തണമെങ്കിൽ ആവശ്യമായ രക്തസമ്മർദ്ദം കൂടിയേ തീരു.
ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും. രക്തസമ്മർദ്ദം 140/90ന് മുകളിലായാൽ അത് രക്താതിമർദ്ദം എന്നാണ് അറിയപ്പെടുക. 130/80 മി.മി.മെർക്കുറിയിൽ കൂടുതൽ രക്തസമ്മർദ്ദം ഉള്ളവരിൽ പ്രമേഹമോ വൃക്കയ്‌ക്ക് തകരാറോ ഉണ്ടെങ്കിൽ അവർക്ക് ചികിത്സ ആവശ്യമാണ്.
അമിതമായ വണ്ണം ഉണ്ടെങ്കിൽ അത് കുറയ്‌ക്കുക എന്നതാണ് ബിപി നിയന്ത്രിക്കാൻ ആദ്യം വേണ്ടുന്ന കാര്യം. അമിതവണ്ണം ഒഴിവാക്കാൻ പ്രധാന ആഹാരങ്ങൾക്കിടിയിലുള്ള ലഘുഭക്ഷണം ഒഴിവാക്കണം. വെളുത്തുള്ളി, മുരിങ്ങയില, ചുവന്നുള്ളി, സവാള, കാന്താരിമുളക്, വഴുതനങ്ങ, വെണ്ടയ്‌ക്ക, ചുണ്ടയ്‌ക്ക, നെല്ലിക്ക തുടങ്ങിയവയെല്ലാം ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഉപ്പിലിട്ട പച്ചക്കറികളും ഒഴിവാക്കണം. അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ കാന്താരി മുളകും ഉപേക്ഷിക്കണം.
ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കണം. രക്തസമ്മർദ്ദം കൂടുതൽ ഉള്ളവർ ഒരു ടീസ്പൂണിന്റെ എട്ടിലൊന്ന് ഭാഗം ഉപ്പ് ഉപയോഗിച്ചാൽ മതിയാകും. ഒരു ദിവസത്തേക്ക് ഇത്ര മാത്രമാണ് ആവശ്യം. ബേക്കറിസാധനങ്ങളുടേയും അച്ചാറിന്റെയും എല്ലാം ഉപയോഗം കുറയ്‌ക്കേണ്ടതാണ്.
Comments