ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിട്ടുള്ള രക്തദാന മെഗാ ഡ്രൈവിന് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെപ്തംബർ 17 മുതൽ ഒക്ടോബർ 1 വരെയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷൻ മുഖാന്തരം രക്തദാനത്തിൽ സ്വമേധയാ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.
രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ഇ-രക്ത് കോഷ് പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് മുഖേനയും രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്ത് 25 വർഷത്തേക്ക് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനവും ഇതിനോടനുബന്ധിച്ച് ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് രക്തദാന മെഗാ ഡ്രൈവ് നടത്തുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ എല്ലാ ഇടത്തും രക്ത യൂണിറ്റുകൾ രൂപീകരിക്കുകയും ഏതൊരു അത്യാവശ്യ ഘട്ടങ്ങളിലും രക്തം നൽകാൻ രാജ്യം തയാറാണെന്ന സന്ദേശവും ഇതിലൂടെ ഉരുത്തിരിയുന്നുണ്ട്. രക്തദാനം നടത്തുന്നവരുടെ രേഖകൾ സൂക്ഷിച്ചു വെയ്ക്കുകയും ഇവരെ പിന്തുടരുകയും ചെയ്താൽ ഇന്ത്യയുടെ ആരോഗ്യ രംഗത്ത് ഇത് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പരിഷ്കരണത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ജനങ്ങളും യജ്ഞത്തിൽ പങ്കു ചേരണം. രക്തം നൽകുന്നതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് പുതുജീവൻ നൽകാൻ അത് സഹായിക്കുമെന്ന കർത്തവ്യ ബോധവും ഓരോ പൗരനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments