നമ്മുടെ വീടുകളിൽ ഇന്ന് ഒരു അംഗത്തെ പോലെയാണ് റഫ്രിജറേറ്റർ.ഭക്ഷണം കേടുകൂടാതെയിരിക്കാനും തണുപ്പിച്ച് കഴിക്കാനുമെല്ലാം റഫ്രിജറേറ്റർ സഹായിക്കുന്നു. റഫ്രിജറേറ്റർ ഉപയോഗിക്കുന്ന എല്ലാവരുടെയും പരാതിയാണ് അതിൽ നിന്നും വരുന്ന ദുർഗന്ധം. അൽപ്പം ശ്രദ്ധിച്ചാൽ ഇത് എളുപ്പം മാറ്റാവുന്നതാണ്.
എന്നാൽ ചില സമയങ്ങളിൽ ഒരുപാട് സാധനങ്ങൾ തിങ്ങിനിറഞ്ഞോ അല്ലെങ്കിൽ ചില ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ഇത്തരം സമയങ്ങളിൽ റഫ്രിജറേറ്റർ വീണ്ടും ഫ്രഷ് ആക്കി എടുക്കുവാൻ ചെയ്യേണ്ട ചെറിയൊരു പൊടിക്കെെ നോക്കാം.
ആദ്യം തന്നെ റഫ്രിജറേറ്റർ ഓഫ് ചെയ്ത് അതിനുള്ളിലെ സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റി വെക്കുക. തുടർന്ന് ഒരു പാത്രത്തിൽ വെള്ള വിനാഗിരിയും വെള്ളവും സമാസമം എടുക്കുക. ഇത് ഒരു സ്പോഞ്ച് ഉപയോഗിച്ച് അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് റഫ്രിജറേറ്റർ നന്നായി ക്ലീൻ ചെയ്ത് എടുക്കുക.
അല്ലെങ്കിൽ നാരങ്ങ നീര് ഒരു ബൗളിലെടുത്ത് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. നന്നായിട്ട് മിക്സ് ചെയ്ത് കുറച്ച് വെള്ളം കൂടി ചേർത്ത് സ്പോഞ്ച് അല്ലെങ്കിൽ തുണി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാം.ഇതിനു ശേഷം ഒരു നനഞ്ഞ ടവൽ ഉപയോഗിച്ച് റഫ്രിജറേറ്ററിന്റെ ഉൾഭാഗം നന്നായി തുടച്ചെടുക്കുക. എന്നാൽ റഫ്രിജറേറ്ററിന്റെ ഉൾഭാഗത്ത് മാത്രമേ ഈയൊരു സൊലൂഷൻ ഉപയോഗിക്കാൻ പാടുള്ളൂ. റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് ഒരുപാട് തവണ ഉപയോഗിക്കുകയാണെങ്കിൽ ഇത് കളർ മങ്ങുന്നതിന് കാരണമാകും.
വൃത്തിയാക്കി ഉണങ്ങിയതിനു ശേഷം സാധനങ്ങൾ തിരിച്ചു വയ്‌ക്കുന്നതിനു മുൻപായി ഒരു പ്ലാസ്റ്റിക് റാപ്പ് അടിയിൽ വിരിക്കുന്നത് വളരെ നല്ലതാണ്.റഫ്രിജറേറ്ററിൽ വെക്കുന്ന സാധനങ്ങൾ ശരിയായ രീതിയിൽ മൂടാതെ ആണ് വയ്‌ക്കുന്നത് എങ്കിൽ ദുർഗന്ധം വരുന്നതിന് കാരണമാകും. തിങ്ങിക്കൂടി ഭക്ഷണ പദാർത്ഥങ്ങൾ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.















