ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആവിഷ്കരിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നിർവഹിച്ചു. മോദിയുടെ ബാല്യകാലം മുതൽ പ്രധാനമന്ത്രി പദത്തിലേറിയതുവരെയുള്ള ജീവിത കാലഘട്ടമാണ് പ്രദർശനത്തിൽ ഉണ്ടാവുക.
പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്. ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പിനും തുടക്കമായി. ഇതിന്റെ ഉദ്ഘാടനവും നദ്ദ നിർവഹിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കും ക്യാമ്പ് വിപുലീകരിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. സേവനത്തിനായി മാറ്റി വെച്ച ജീവിതമാണ് നരേന്ദ്ര മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തിന് വേണ്ടി ബൃഹത്തായ കാര്യങ്ങൾ ചെയ്യുന്നതിനാലാണ് പ്രധാനമന്ത്രിയുടെ ജന്മദിനം സേവ പഖ്വാദയായി ആഘോഷിക്കുന്നതെന്നും നദ്ദ ഉദ്ഘാടന വേളയിൽ വ്യക്തമാക്കി.
മോദി കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപാടുകൾ,രാഷ്ട്രീയജീവിതം, പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷം നടപ്പാക്കിയ പദ്ധതികൾ, വിദേശ പര്യടനങ്ങൾ തുടങ്ങി നിരവധി മേഖലയിൽ നിന്നുള്ള കാര്യങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോടി കണക്കിന് പ്രവർത്തകരാണ് രക്തദാന ക്യാമ്പുകളും രോഗ നിർണ്ണയ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്. രാജ്യത്തോട്ടാകെ ശുചിത്വ യജ്ഞവും നടത്തുന്നതായി നദ്ദ പറഞ്ഞു. സേവയും സമർപണവും എന്ന് പേരിൽ 21 ദിവസത്തെ ക്യാമ്പെയ്നും ബിജെപി തുടക്കം കുറിച്ചു.
Comments