എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരിൽ ഒരാളുമായ ഫർസിൻ മജീദ്. ഇ.പി.ജയരാജൻ കയറാത്ത വിമാനത്തിൽ താനും കയറിയിട്ടില്ലെ എന്നും വിവാദങ്ങൾ എല്ലാം കെട്ടടങ്ങുമെങ്കിൽ ഒന്നിച്ച് ഇൻഡിഗോ യാത്ര നടത്താമെന്നുമാണ് ഫർസിൻ മജീദിന്റെ പരിഹാസം. നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അങ്ങയെ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി. ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതിനാലാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ജയരാജനെ ട്രോളി കൊണ്ട് ഫർസിൻ മജീദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഫർസിൻ മജീദും, നവീൻകുമാറും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് ഇവരെ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്ന ഇ.പി ജയരാജൻ കായികമായും നേരിട്ടു . തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എൽഡിഎഫ് കൻവീനർ ഇ.പി ജയരാജനെതിരെ ഇൻഡിഗോ വിമാന കമ്പനി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനം സമരവേദിയാക്കി മാറ്റിയ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെയും വിലക്കിയിരുന്നു.
ഫർസിൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
സഖാവ് ഇ.പിയോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്…
നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി. നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല. ഒരു പക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും. എന്തൊക്കെ പറഞ്ഞാലും അകെ 2-3 ആഴ്ചകൾ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മൾ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..!
ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ. എന്തൊക്കെ അയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്ങിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് എന്റെ അഭിപ്രായം. പിന്നൊരു സത്യം കൂടി പറയട്ടെ. അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ. ഞാനും പിന്നെ കയറീട്ടില്ല..! ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും ഞാൻ തയ്യാറാണ്.
Comments