ഡൽഹി: സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവർണർ ശബ്ദം കടുപ്പിച്ചതോടെ വെപ്രാളത്തിലാണ് ഇടതു നേതാക്കളും മന്ത്രിമാരും. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സിപിഎമ്മിന്റെ ദേശീയ നേതാക്കൾ വരെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. എംഎം മണിയെ പോലുള്ള നേതാക്കൾ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതികരിച്ചത്. ഇപ്പോൾ, ഗവർണർക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് ബിനോയ് വിശ്വം എംപി. സർക്കാരിന്റെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണമെന്നാണ് ബിനോയ് വിശ്വം എംപിയുടെ ആവശ്യം.
സർക്കാരുമായുള്ള ഗവർണറുടെ തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടൽ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തുസൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ബിനോയ് വിശ്വം പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭരണഘടന പ്രവർത്തനത്തിൽ ഇടപെടുന്നത് തടയണം. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് ഗവർണർ പ്രതികരിക്കുന്നത്. ഒരു വാർത്താ സമ്മേളനം നടത്തുന്നു. അതിൽ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചുകൊണ്ട് അദ്ദേഹം സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്നും ബിനോയ് വിശ്വം എംപി ആരോപിക്കുന്നു.
Comments