തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആർടിസി എംഡി. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ക്ഷമാപണക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജു പ്രഭാകറിന്റെ പ്രസ്താവന
*തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും… അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല…*
പ്രിയപ്പെട്ടവരെ,
*തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്… പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നു…*
*ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആർ.ടി.സി എന്ന മഹാ പ്രസ്ഥാനത്തിൽ… കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്റനൻസ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം… തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നു പോന്നിരുന്നു…*
*കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്… ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു… ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം… അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല… ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.*
*ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ… ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു… അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു…*
*കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം നമുക്കേവർക്കും ഉണ്ടാകേണ്ടതാണ്, എന്നാൽ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു…*
*സ്നേഹപൂർവ്വം,
*നിങ്ങളുടെ സ്വന്തം*
*ബിജുപ്രഭാകർ ഐ. എ. എസ്*
*സെക്രട്ടറി ട്രാൻസ്പോർട്ട് & ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി*
Comments