മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ‘അവന്, നീതി ഒരു ഭ്രമമാണ്’ എന്ന വാക്യത്തോടെയാണ് മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി പോലീസ് കഥാപാത്രമായി എത്തുന്നു എന്നതാണ് ആരാധകരെ അവേശത്തിലാക്കുന്നത്. കൈയ്യിൽ തോക്കുമായി നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നായിരിക്കും.
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ‘ക്രിസ്റ്റഫർ’ നിർമ്മിക്കുന്നത്. ഹിറ്റുകളുടെ എഴുത്തുകാരൻ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായും ഒരു പ്രധാന വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. തിയറ്ററുകളിൽ വിജയം തീർത്ത് ആറിട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ വലിയ താരനിര ക്രിസ്റ്റഫറിലുണ്ട്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്- മനോജ്, കലാ സംവിധാനം- ഷാജി നടുവിൽ, ആക്ഷൻ കൊറിയോഗ്രഫി- സുപ്രീം സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments