സിലിഗുരു: സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ. ന്യൂ ജൽപൈഗുരി പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ഗുളികകൾ കണ്ടെത്തിയത്. പിടിയിലായ മൊഫാജുൽ ഹുസൈൻ, ബിമൻ ദിബ്നത് എന്നിവർ ദിൻഹന്ത, കൂച്ച്ബിഹാർ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
ലഹരി മരുന്ന് സ്വിഫ്റ്റ് കാറിൽ ജാട്ടിയകലി എന്ന സ്ഥലത്തു നിന്നും കൂച്ച്ബിഹാറിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. വാഹന പരിശോധനയിൽ 10000 യാബാ ഗുളികകൾ കണ്ടെടുത്തു. ഇത് മാർക്കറ്റിൽ 30 ലക്ഷം രൂപയോളം വില വരുമെന്നാണ് നിഗമനം.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. ഇവർക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസെടുത്തു. തുടർന്ന് ന്യൂ ജൽപൈഗുരി പോലീസ് സിലിഗുരി അടക്കമുള്ള നിരവധി ഇടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും കൂടുതൽ പ്രതികൾക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുമെന്നും അറിയിച്ചു.
Comments