ബംഗളൂരു: കർണാടകയിൽ ആർഎസ്എസ് നേതാവിന് നേരെ വധ ഭീഷണി മുഴക്കി മതതീവ്രവാദികൾ. ആർഎസ്എസ് ധർമജാഗരണ കൺവീനറും ചിക്കമംഗളൂരു സ്വദേശിയുമായ ഡോ.ശശിധരനെതിരെയാണ് ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മതതീവ്രവാദികൾ ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഇതിന് പുറമേ കാറിന്റെ ടയറുകൾ കത്തികൊണ്ട് കീറി മുറിക്കുകയും, വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഭീഷണി സന്ദേശത്തിന് പുറമേ അസഭ്യവാക്കുകളും എഴുതിവെച്ചതായി ശശിധരന്റെ പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയെ പിന്തുണച്ച് ശശിധരൻ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം വധ ഭീഷണി മുഴക്കാൻ കാരണമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം 30 വാഹനങ്ങൾ സ്ഥലത്ത് പാർക്ക് ചെയ്തിരുന്നു. എന്നാൽ ശശിധരന്റെ വാഹനമല്ലാതെ മറ്റാരുടേയും ആക്രമിക്കപ്പെട്ടിട്ടില്ല. സംഭവം പ്രദേശവാസികളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.
Comments