തിരുവനന്തപുരം: ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്ന് മാനേജ്‌മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എന്ന പേരിലാണ് ഒക്ടോബർ ഒന്ന് മുതൽ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. പല ഡിപ്പോകളിലും ജീവനക്കാർ ക്യാമ്പെയ്ൻ ഡെസ്‌ക് ഉൾപ്പെടെ ആരംഭിച്ചുകഴിഞ്ഞു. പണിമുടക്കിന് പിന്തുണ തേടി ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ശമ്പള വിതരണത്തിൽ ഉൾപ്പെടെ വീഴ്ച വരുത്തിയതോടെയാണ് തൊഴിലാളി യൂണിയൻ പണിമുടക്കിലേക്ക് നീങ്ങിയത്.
ഡ്യൂട്ടി സമ്പ്രദായത്തിലെ ബുദ്ധിമുട്ടുകൾ പരിശോധിച്ച് ആറ് മാസത്തിനകം വേണമെങ്കിൽ മാറ്റം വരുത്താമെന്ന ഉറപ്പ് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നൽകിയതാണ്. അതിന് സമ്മതിച്ച യൂണിയൻ പുറത്തുവന്ന് സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.
കെഎസ്ആർടിസി ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണ്. അതിന്റെ ഉദാഹരണമാണ് ഓണാവധിക്ക് ശേഷമുളള ആദ്യ പ്രവൃത്തിദിനത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ 8.4 കോടി രൂപ നേടാനായത്. സമരം പ്രഖ്യാപിച്ചത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.















