കണ്ണൂർ : ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ 3 പി എഫ് ഐ അക്രമികൾ പിടിയിൽ. മട്ടന്നൂർ നടുവനാട് സ്വദേശികളായ സത്താർ, എം.സജീർ, ഉളിയിൽ സ്വദേശി സഫ്വാൻ എന്നിവരാണ് പിടിയിലായത്. മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിലും ഇവർ പ്രതികളാണ്. മട്ടന്നൂർ പോലീസാണ് പ്രതികളെ പിടികൂടിയത്.
ഇതിന് പുറമെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുൻപ് അറസ്റ്റിലായ രണ്ട് പ്രതികളെ പെട്രോൾ ബോംബ് നിർമ്മിച്ച സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി. ചെള്ളേരി സ്വദേശികളായ നൗഷാദ് , സുജീർ എന്നിവരെയാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഹർത്താൽ ദിനത്തിൽ രാവിലെയോടെയാണ് പ്രതികൾ ഓഫീസിലേക്ക് ബോംബെറിഞ്ഞത്.ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ഓഫീസിനുള്ളിലും കേടുപാടുകൾ സംഭവിച്ചിരുന്നു.
ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് കണ്ണൂർ റൂറലിൽ 9 കേസുകളിലായി 26 പേരാണ് പിടിയിലായിരിക്കുന്നത്.
Comments