കോഴിക്കോട്: ഭാരത് ജോഡോ പരിപാടിയ്‌ക്കിടെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് വിളിച്ച മുദ്രാവാക്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ഭാരത് ജോഡോ രാഹുൽ ഗാന്ധി എന്ന് പറയേണ്ടതിന് പകരം ജനമദ്ധ്യത്തിൽ ഭാരത് ഛോടോ രാഹുൽ ഗാന്ധി ഭാരത് ഛോടോ എന്നാണ് അദ്ദേഹം വിളിക്കുന്നത്.
മുദ്രാവാക്യം ഏറ്റുവിളിയ്‌ക്കുന്ന ചിലർ ഭാരത് ജോഡോ എന്ന് തിരുത്തി വിളിക്കുന്നുണ്ടെങ്കിലും അബദ്ധം പിണഞ്ഞത് മനസിലാവാതെ എംപി വീണ്ടും വീണ്ടും മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്. ഭൂരിഭാഗംപേരും അബദ്ധം മനസിലാകാതെ വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എംപിയായി ലോക്‌സഭയിലിരുന്നയാൾക്ക് ഛോടോയുടെയും ജോഡോയുടെയും അർത്ഥമറിയില്ലേയെന്ന് പലരും ചോദിക്കുന്നുണ്ട്.ഹിന്ദി പരിജ്ഞാനമുള്ള കൊടിക്കുന്നിലിന് അബദ്ധം പറ്റിയതല്ലെന്നും രാഹുലിനെ മടുത്ത് അദ്ദേഹത്തോട് ഇന്ത്യ വിട്ട് പോകാൻ പറയുന്നതാണെന്നുമൊക്കെയാണ് ട്രോളുകൾ നിറയുന്നത്.
അതേസമയം രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിച്ചിരിക്കുകയാണ്. 21 ദിവസമാണ് കർണാടകയിൽ പര്യടനം നടത്തുക. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും.















