മുംബൈ : സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണം.ഇത് സംബന്ധിച്ച പ്രമേയം മഹാരാഷ്ട്രാ സർക്കാർ പാസാക്കി. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഉദ്യോഗസ്ഥർ വന്ദേമാതരം അഭിവാദ്യമായി പറയുമ്പോൾ അത് കേൾക്കുന്നവരിൽ അവബോധം സൃഷ്ടിക്കുമെന്ന് പ്രമേയത്തിൽ സർക്കാർ വ്യക്തമാക്കുന്നു.
ഹലോ എന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ അനുകരണമാണ്. അത് പ്രത്യേക അർത്ഥങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അഭിവാദ്യമാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ സാംസ്കാരിക മന്ത്രി സുധീർ മുങ്ഗന്തിവാർ ഇത് സംബന്ധിച്ച് നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സംസ്ഥാന മന്ത്രിസഭയിൽ വകുപ്പുകൾ കൈമാറിയതിന് തൊട്ടു പിന്നാലെ ആയിരുന്നു മന്ത്രി ഇത്തരത്തിലോരു നിർദ്ദേശം പുറപ്പെടുവിച്ചത്. തീരുമാനം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇനി മുതൽ സർക്കാർ ജീവനക്കാർ ഹലോ ഉപയോഗിക്കാതെ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോൺ സംഭാഷണം നടത്താൻ തീരുമാനിച്ചതായി സുധീർ മുങ്ഗന്തിവാർ പറഞ്ഞു.
Comments