ശരീര സൗന്ദര്യത്തിൽ പ്രധാന ഘടകമാണ് പാദവും പാദസംരക്ഷണവും. പാദരക്ഷകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇത് ഒരു പരിധി വരെ മാത്രമാണ് സത്യമെന്നതാണ് വസ്തുത. മനുഷ്യൻ പ്രകൃതിയുമായി അടുത്ത് ഇടപഴകുമ്പോൾ മനസിനും ശരീരത്തിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. നഗ്നപാദരായി നടക്കുന്നത് വഴി ഭൂമിയിലെ ഇലക്ട്രോൺസുമായി മനുഷ്യ ശരീരത്തിനുണ്ടാകുന്ന സ്പർശനം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
വളരെ ക്ഷമയോടെ, ആസ്വദിച്ച് ദിവസവും 15 മുതൽ 20 മിനിറ്റ് വരെ നഗ്നപാദരായി നടക്കാം. അധിക നേരം പാദരക്ഷകളില്ലാതെ നടന്നാൽ ശരീരത്തിന് വേദന അനുഭവപ്പെടും. ഇതിന് പുറമേ ചർമ്മത്തെയും നഖങ്ങളെയും ബാധിക്കുന്ന ബാക്ടീരിയ, ഫംഗസ്സ് എന്നിവ കാൽ വഴി ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യത കൂടുതലാണ്. കുറച്ച് നേരം പാദരക്ഷകൾ ഇല്ലാതെ നടന്നാലുള്ള ഗുണങ്ങൾ അറിയാതെ പോകരുത്.
ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള മികച്ച മാർഗമാണ് നഗ്നപാദരായി നടക്കുകയെന്നത്. കുറച്ച് നേരം പുല്ലിലൂടെ മറ്റോ നടക്കുമ്പോൾ ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും ശരീരത്തിലെ താപത്തിന്റെ അളവ് നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനത്തെ തടയാനും സാധിക്കും.
രാത്രിയിൽ ഉറക്കമില്ലാതെ വലയുന്നവർക്കുള്ള മികച്ച മാർഗമാണ് ഇത്തരത്തിൽ നഗ്നപാദരായി നടക്കുകയെന്നത്. എത്ര ഉറക്കമില്ലാത്തവർക്കും ഉറക്കം വരും. പുല്ലിലൂടെയോ, മുറ്റത്തെ കല്ലുകൾക്കിടയിലൂടെയോ നടക്കാവുന്നതാണ്.രാവിലെ ഇത്തരത്തിൽ നടക്കുക വഴി രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കും.
നഗ്നപാദരായി നടക്കുക വഴി അവയവങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നത് വഴി ശരീരത്തിലെ വീക്കം കുറയ്‌ക്കും. വളരെ പെട്ടെന്ന് കയറ്റിറക്കങ്ങളുള്ളതും കല്ലുകൾ നിറഞ്ഞതോ ആയ വഴിയിലൂടെ സഞ്ചരിക്കുന്നത് വഴി രക്തചംക്രമണം വർദ്ധിക്കുന്നതിനൊപ്പം മാനസിക ഉല്ലാസവും നൽകും. നടക്കുമ്പോൾ ഉപ്പൂറ്റിയിൽ കൊടുക്കുന്ന സമ്മർദ്ദം ഞരമ്പുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ഇതുവഴി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.















