ന്യൂഡൽഹി : വാർത്താ വിതരണത്തിനും കൈമാറ്റത്തിനും കൂടുതൽ പങ്കാളിത്തവുമായി ഒമാനും ഇന്ത്യയും. ഇരുരാജ്യങ്ങളിലേയും വാർത്താ ഏജൻസികൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ധാരണാപത്രത്തിലാണ് അധികൃതർ ധാരണയിലെത്തിയത്. ഒമാൻ ന്യൂസ് ഏജൻസിയും എ എൻ ഐ യും തമ്മിലുള്ള ധാരണാപത്രത്തിന്റെ കൈമാറ്റത്തിന് വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ സാക്ഷ്യം വഹിച്ചു. വാർത്താ ഏജൻസികൾ തമ്മിലുള്ള കൂടുതൽ സഹകരണത്തിനും വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിശാലമായ മാദ്ധ്യമ പ്രവർത്തനങ്ങളുടെ കരുത്തും സാങ്കേതിക തികവും ഒമാനും പ്രയോജനപ്പെടുത്താനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളുടേയും വാർത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും വേഗത്തിൽ ആധികാരികമായ വാർത്തകൾ കൈമാറാനും ഏജൻസികൾ തമ്മിലുള്ള ധാരണ സഹായിക്കുമെന്നും ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളിലേയും വിജയങ്ങളായിരിക്കണം ജനങ്ങളിലെത്തേണ്ടത്. ശാസ്ത്രസാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വാർത്തകളടക്കം പരസ്പരം കൈമാറാൻ മന്ത്രാലയ ങ്ങളുടെ നിയന്ത്രണങ്ങൾ നിലനിൽക്കേ ഏജൻസികൾക്ക് സാധിക്കും വിധം ക്രമീകരണമുണ്ടായിരിക്കുമെന്നും ഒമാൻ വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
Comments