ഭൂരിഭാഗം ആളുകളുടെയും ഇഷ്ട പഴങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് മാമ്പഴത്തിനുള്ളത്. കൊതിപ്പിക്കുന്ന മണവും നാവിൽ വെളളമൂറ്റുന്ന രുചിയുമെല്ലാമാണ് മാമ്പഴത്തെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നത്. പല പേരുകളിലും പല രുചികളിലുമുള്ള മാമ്പഴം ലഭ്യമാണ്. ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴം കൂടിയാണ് മാമ്പഴം.
ധാരാളം വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് മാമ്പഴം. അതുകൊണ്ടുതന്നെയാണ് മാമ്പഴം ആരോഗ്യത്തിന് ഏറ്റവും മികച്ചതാകുന്നത്. വിറ്റാമിൻ എ, ബി,സി, ഇ കെ, പൊട്ടാസ്യം, മഗ്നീഷ്യം, എന്നിവയാണ് പ്രധാനമായും മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. ആന്റിഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് ഇത്.
മികച്ച പ്രതിരോധ ശേഷിയ്‌ക്കായി മാമ്പഴം ഒരു ശീലമാക്കുന്നത് നന്നായിരിക്കും. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ആണ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്. ഇതിന് പുറമേ അണുബാധകൾ ഉണ്ടാകുന്നതിൽ നിന്നും നമ്മെ സംരക്ഷിക്കാനും മാമ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വലിയ പങ്കാണ് മാമ്പഴങ്ങൾ വഹിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് മാമ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ എന്നീ ഘടകങ്ങൾ ആണ് കണ്ണുകളെ സംരക്ഷിക്കുന്നത്. വിറ്റാമിൻ എയുടെ കുറവ് നിശാന്ധത ( മങ്ങിയ വെളിച്ചത്തിലെ കാഴ്ചക്കുറവ്)യ്‌ക്ക് കാരണമാകും. അതിനാൽ മാമ്പഴം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഇല്ലാതാക്കാം. മാമ്പഴം നിത്യവും കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മലബന്ധം പരിഹരിക്കാനും മാമ്പഴം ദിവസേന കഴിക്കുന്നത് ഉത്തമമാണ്. പ്രോസ്‌റ്റേറ്റ് ക്യാൻസർ തടയാനും മാമ്പഴത്തിന് കഴിവുണ്ട്.
എന്നാൽ മാമ്പഴം കഴിക്കുന്നതിൽ അൽപം ജാഗ്രത കൂടി പുലർത്തണം. കീടനാശിനികൾ അടിക്കാത്ത മാമ്പഴങ്ങളാണ് കഴിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം. കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് വ്യാപകമായി വിപണിയിൽ ഇന്ന് ലഭ്യമാകുന്നത്. ഇവ അമിതമായി കഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.















