ന്യൂഡൽഹി: ലോകം ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന സമാധാന നൊബേൽ പുരസ്‌കാരം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി അറിയിക്കുന്നത്. വരുന്ന ഡിസംബറിൽ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടക്കുക. ആദ്യ സമാധാന നൊബേൽ 1901-ലായിരുന്നു പ്രഖ്യാപിച്ചത്.
മനുഷ്യരാശിക്ക് ഏറ്റവുമധികം നേട്ടം നൽകിയവർക്കാണ് സമാധാന നൊബേൽ നൽകുക. നോർവേയുടെ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ കമ്മിറ്റിയാണ് നൊബേൽ തീരുമാനിക്കുന്നത്. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ സർവ്വേ പ്രകാരം നോർവീജിയൻ നിയമനിർമ്മാതാക്കൾ സമാധാന നൊബേലിനായി തിരഞ്ഞെടുത്ത പട്ടികയിലുള്ളവർ ഇവരാണ്..
റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റായ വൊളോഡിമർ സെലൻസ്‌കി (യുദ്ധം പ്രഖ്യാപിച്ചപ്പോഴും യുക്രെയ്‌ന്റെ പ്രതിരോധ സൂചകമായി കീവിൽ തുടർന്നതിന്) നൊബേൽ നേടുമെന്ന് സൂചനയുണ്ട്. മൂന്ന് വർഷമായി തുടരുന്ന കൊറോണ മഹാമാരിയ്‌ക്കെതിരായ പ്രതിരോധം തീർക്കുന്നതിന് മുഴുവൻ സമയവും പ്രവർത്തിച്ച ലോകാരോഗ്യ സംഘടനയും പരിഗണനയിലാണെന്നാണ് വിവരം.
കൂടാതെ ബെലാറൂസിലെ പ്രതിപക്ഷ നേതാവായ സ്വിയാറ്റ്‌ലാന സിഖനോസ്‌കയ, ബ്രിട്ടീഷ് നെയ്ച്ചർ ബ്രോഡ്കാസ്റ്റർ ഡേവിഡ് അറ്റൻബോറോഗ്, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, പോപ്പ് ഫ്രാൻസിസ്, തുവാലുവിന്റെ വിദേശകാര്യമന്ത്രി സൈമൺ കോഫെ, മ്യാൻമറിലെ നാഷണൽ യൂണിറ്റി ഗവൺമെന്റ് എന്നിവരും പട്ടികയിലുണ്ട്.














