മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പല്ല് പുളിപ്പ്. പല്ലുകളെ സംരക്ഷിക്കുന്ന ഇനാമൽ ക്ഷയിക്കുമ്പോൾ സംഭവിക്കുന്നതാണിത്. ഇനാമൽ നഷ്ടപ്പെടുന്നതോടെ പല്ലുകൾ ലോലവും പുളിപ്പുള്ളതുമാകുന്നു. ഇങ്ങനെ പല്ലുപുളിക്കുന്നതിനാൽ ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നവരാണ് പലരും. ചിലർക്ക് തണുത്ത ഭക്ഷണം, ചിലർക്ക് പുളിയുള്ള ഭക്ഷണം തുടങ്ങിയവയൊക്കെ പല്ലുപുളിപ്പ് കാരണം ഒഴിവാക്കേണ്ടതായി വരുന്നു. മറ്റു ചിലർക്ക് സാധാരണഗതിയിൽ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും, ബ്രഷ് ചെയ്യുമ്പോഴും പല്ലുകളിൽ വേദനയും പുളിപ്പും അനുഭവപ്പെടാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിതൽ തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രത്യേകതരം ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുകയാണ് ആദ്യത്തെ പരിഹാരമാർഗം. ഇനാമലിൽ ഉള്ള ചെറിയ ദ്വാരങ്ങളെ അടയ്‌ക്കാൻ കഴിവുള്ളവയാണ് സെൻസെറ്റീവ് പല്ലുകൾക്കായി നിർമ്മിച്ച പേസ്റ്റുകൾ. മൃദുത്വമുള്ള ബ്രഷ് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ പല്ല് പുളിപ്പിനെ മാറ്റി നിർത്താൻ കഴിയും. കടുപ്പമുള്ളതും കുറ്റിരോമങ്ങളുള്ളതുമായ ടൂത്ത് ബ്രഷ് ഉപയോഗിച്ചാൽ ഇനാമലിന് ഗുണകരമല്ല. ഇത്തരത്തിലുള്ള ബ്രഷുകൾ ഉപയോഗിക്കുന്നത് കൂടുതൽ സൂക്ഷ്മ ദ്വാരങ്ങൾ സൃഷ്ടിക്കും. അവ മോണയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. മൃദുവായി മാത്രമെ പല്ല് തേയ്‌ക്കാവൂ.
രാത്രിയിൽ കിടക്കുന്നതിന് മുൻപായി മൗത്ത്ഗാർഡ് ഉപയോഗിക്കുന്നത് പല്ല് പൊടിയുന്നത് തടയാൻ സഹായിക്കും. പല്ല് പൊടിയുന്നതും പല്ല് പുളിപ്പിന്റെ പ്രധാന കാരണമാണ്. പല്ലിന്റെ കേടുപാടുകൾ തടയുന്നതിനായി വീട്ടിൽ തന്നെ മൗത്ത്ഗാർഡുകൾ നിർമ്മിക്കാവുന്നതാണ്. ബാക്ടീരിയകളെ നശിപ്പിക്കുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് വെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വായ കഴുകുന്നത് നല്ലതാണ്. രാവിലെയും രാത്രിയും ചെറു ചൂട് ഉപ്പവെള്ളം കവിൾക്കൊള്ളുന്നത് മികച്ച ഫലങ്ങൾ നൽകും.
പല്ലിന്റെ പുളിപ്പ് ഇല്ലാതാക്കാൻ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. വായിലെ അൾസർ തുടങ്ങിയ പ്രശ്‌നങ്ങൾക്കും തേൻ നല്ലതാണ്. മഞ്ഞൾ പൊടി പല്ലിലും മോണയിലും പുരട്ടി മസാജ് ചെയ്യാം. അല്ലെങ്കിൽ പേസ്റ്റ് രൂപത്തിലാക്കി ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കുകയാണെങ്കിലും വേദന കുറയ്‌ക്കും. അര ടീസ്പൂൺ വീതം ഉപ്പ്, മഞ്ഞൾ, കടുക് എണ്ണ എന്നിവ ഒന്നിച്ച് ചേർത്ത് ദിവസത്തിൽ രണ്ടുതവണ പല്ലിലും മോണയിലും പുരട്ടി തടവുക.
വെള്ളിച്ചെണ്ണ വായിൽ കൊള്ളുന്നതും ബാക്ടീരയുടെ വളർച്ച തടസ്സപ്പെടുത്തുന്നു. ഒപ്പം മോണയുടെ ഉപരിതലത്തിൽ നിന്ന് അണുക്കളെയും വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ ഉരുകിയ വെളിച്ചെണ്ണ് 20 സെക്കൻഡ് നേരം വായിൽ കൊള്ളുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് രണ്ട് മൂന്ന് വട്ടം തുടർന്നാൽ പുളിപ്പ് പ്രശ്‌നങ്ങൾ ഇല്ലാതാക്കും.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന് സംയുക്തം മികച്ച വേദന സംഹാരിയാണ്. അതുകൊണ്ട് തന്നെ പല്ല പുളിപ്പിനുള്ള മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി അരച്ച് പല്ലുകളിൽല പുരട്ടുന്നത്. ദിവസവും പത്ത് മിനിറ്റ് വായിൽ വെയ്‌ക്കുന്നത് പല്ല് പുളിപ്പ് ഇല്ലാതാക്കും.















