ബെംഗളൂരു: ഊബർ, ഒല ഓട്ടോറിക്ഷകൾ കർണാടകയിൽ നിരോധിച്ചു. ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. ഉപഭോക്താക്കളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് സർക്കാർ നീക്കം. കൂടാതെ കാബ് സർവീസ് നടത്തുന്ന മറ്റൊരു ആപ്പായ റാപ്പിഡോയുടെയും ഓട്ടോ സർവീസുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട്.
ട്രാൻസ്‌പോർട്ടേഷന് ടെക്‌നോളജി ആക്ട് 2016 പ്രകാരം ഒല, ഊബർ, റാപിഡോ തുടങ്ങിയവയുടെ ഓട്ടോ സർവീസുകൾ നിയമവിരുദ്ധമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഓട്ടോ സർവീസുകൾ നിർത്തണമെന്നാണ് സർക്കാർ നിർദേശം. സർക്കാർ ഉത്തരവ് പ്രകാരമുള്ള ഓട്ടോ ചാർജ്ജിൽ കൂടുതൽ ഈടാക്കരുതെന്നും കർശന നിർദേശമുണ്ട്.
മിനിമം ചാർജ്ജായി 100 രൂപയാണ് ഓട്ടോകൾ ഈടാക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി. സർക്കാർ ഉത്തരവ് പ്രകാരം ആദ്യ രണ്ട് കിലോമീറ്റർ ദൂരത്തിന് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതവുമാണ് ഈടാക്കേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇതുവരെ കാബ് സർവീസ് കമ്പനികൾ തയ്യാറായിട്ടില്ല. സർക്കാർ ഉത്തരവ് പ്രകാരം തിങ്കളാഴ്ചയാണ് ഓട്ടോ സർവീസുകൾ അവസാനിപ്പിക്കേണ്ടത്.
Comments