എറണാകുളം: പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ നൽകിയ അപ്പീലിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ കോടതിയെ സമീപിച്ചത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ സിവികിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് സർക്കാരിന്റെ ഹർജി.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. കീഴ്ക്കോടതിയുടെ ഇത്തരം വിവാദ പരാമർശം സ്ത്രീ സമൂഹത്തെയാകെ അപമാനിച്ചുകൊണ്ടാണെന്നും ,അതിനാൽ സർക്കാർ അപ്പീലിനെ പിന്തുണയ്ക്കുന്നതായും വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചു. യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്ക്കോടതിയുടെ വിവാദ നിരീക്ഷണമെന്നായിരുന്നു ഹർജിയിൽ സർക്കാരിന്റെ വാദം.
ഓഗസ്റ്റിലാണ് കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Comments