കാസർകോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഓർമ്മയായി. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 77 വയസ്സിലേറെയാണ് ബബിയക്ക് കണക്കാക്കുന്ന പ്രായം. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു ബബിയ. മുതലയ്‌ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ഇഷ്ടകാര്യസിദ്ധിക്കാണ് ഭക്തർ ഈ വഴിപാട് നടത്താറുള്ളത്.
രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകൾക്ക് ശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. പൂർണ്ണമായും സസ്യാഹാരിയാണ് ബബിയ. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട്ടെ അനന്തപത്മനാഭസ്വാമിക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടീഷ് സൈനികൻ വെടിവച്ചു കൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നുമാണ് വിശ്വാസം.
പൂജയ്‌ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നൽകുന്നതാണ് പതിവ്. കുളത്തിലെ മറ്റ് മത്സ്യങ്ങളെയോ ഒന്നും ബബിയ ഉപദ്രവിക്കാറില്ല. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.















