കാൻബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്ട്രേലിയ. ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ പാർലമെന്റ് ഹൗസിനെ ത്രിവർണ നിറങ്ങളാൽ മുഖരിതമാക്കിയാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. കാൻബെറ നൽകിയ വിശിഷ്ടമായ സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Arrived in Canberra to a Tiranga welcome.
So happy to see the old Parliament house of Australia in our national colors. pic.twitter.com/vl6Ui3if8K
— Dr. S. Jaishankar (@DrSJaishankar) October 9, 2022
ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയുടെ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും എപ്രകാരം ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതിൽ പരസ്പര താൽപ്പര്യമുണ്ടെന്നും ജയശങ്കർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും തന്മൂലം ഇന്തോ-പസഫിക്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ചകൾ നടത്തി. ന്യൂസിലാൻഡ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ കാൻബറയും സിഡ്നിയും സന്ദർശിക്കാൻ എത്തിയത്. ഫെബ്രുവരി ഒന്നിന് മെൽബണിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഇക്കൊല്ലം ജയശങ്കർ നടത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സന്ദർശനമാണിത്. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസ് എംപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Comments